Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതൽ ആക്രമിച്ചയാളാണ് മുരളീധരൻ. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാംഗ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വീണ ജോർജ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
"സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്."
25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു.
42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ.
അതായത് എൽഡിഎഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.
സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.
എൽഡിഎഫ് സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് വിഹിതം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ നിയമസഭയിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്നും ഭരണകക്ഷിയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസിലാക്കാൻ 35 ദിവസം ധാരാളമാണ്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ ഈ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നുവെന്നുള്ളതിന്റെ സൂചനയാണ് അവരുടെ 35 ദിവസത്തെ ഇടപെടലിൽ നിന്ന് മനസിലാകുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി.
മാരക സ്വഭാവമുള്ള രോഗങ്ങൾ സംസ്ഥാനത്ത് പടർന്ന് പിടിക്കുകയാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയതെന്നും റിയാസ് ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല തങ്ങൾ. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങളുടെ കാഴ്ചപ്പാടെന്നും എംഎൽഎ വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ നിയന്ത്രണ വിധേയം. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍നിന്ന് നിരീക്ഷണത്തിനായി ഇന്നലെ ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രോഗബാധിതന്റെ സമ്പര്‍ക്കപട്ടികയില്‍ ഇന്നലെ പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതിൽ നാലു പേര് വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ടവരും 14 പേര് ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ പെട്ടവരും 86 പേര് കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന് അഞ്ചിലെ 49 വീടുകളില്‍ക്കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ സന്ദര്‍ശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്ട്രോള് റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 91 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നലെയും ജില്ലാ കണ്ട്രോള് റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ഏഴു പേര്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ ഏഴു ഷിഗെല്ല രോഗബാധകൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം -രണ്ടുവീതം, തൃശൂര്‍, മലപ്പുറം, വയനാട്- ഒന്നുവീതം എന്നിങ്ങനെയാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ മാസം 140 രോഗബാധയും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്കയാണു മരിച്ചത്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (42), വയനാട് (19), തൃശൂര്‍ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3)എന്നിവിടങ്ങളിലും ഈ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
Kerala
തിരുവനന്തപുരം: യോഗയ്ക്ക് ജാതി-മത-വർണ വിവേചനങ്ങളിലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗ. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം യോഗ ചെയ്താൽ പോരാ. ദിവസേന അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം.
ഇതിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവനവന് ഇഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികളെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ്. സ്ഥിരമായി ജോഗിംഗ് ചെയതാണ് താൻ ആരോഗ്യം നിലനിർത്തുന്നത്.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
2026ൽ ഇതുവരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിലെ ആദ്യ കേസാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്. ഒൻപത് പേർക്കാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം സ്വദേശിയായ വയോധികയാണ് ഷിഗെല്ല ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.
അതേസമയം പകർച്ചവ്യാധികൾ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ആരോഗ്യവകുപ്പ് ഉന്നതാധികാര സമിതി രൂപവത്കരിച്ചു. സർക്കാർ മേഖലയിൽനിന്നു പുറമേ സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ഉന്നതാധികാര സമിതി (ഹൈപവർ കമ്മിറ്റി) രൂപവത്കരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണ്‍സൾട്ടന്റായ ഡോ. എസ്.എസ്. ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കണ്വീനറുമായാണു ഉന്നതാധികാര സമിതി രൂപവത്കരിച്ചത്.
Kerala
തിരുവനന്തപുരം: നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ കിട്ടിയ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. പുതിയ കേസുകളില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ നില അതേനിലയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശം കൊടുത്തിട്ടാണ് പോന്നത്. കേരളത്തിലെ മുഴുവൻ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. നിപ മറ്റുള്ള സ്ഥലങ്ങളിലും പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോന്നത്. മറ്റുള്ളതിനെയെല്ലാം രാഷ്ട്രീയ വിമർശനമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.
ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ റവന്യൂമന്ത്രി കോഴിക്കോടുണ്ട്. വീണുകിട്ടിയ ആയുധമായി പ്രതിപക്ഷം നിപയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിനെതിരെ സിപിഎമ്മിന്റെ വിമർശനം.
രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് ഗുരുതര വീഴ്ച വരുത്തുന്നതായി സിപിഎം ആരോപിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടാകരുതെന്നും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. മുൻകാലങ്ങളിലെപ്പോലെ ശക്തമായ ഏകോപനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നും പി.എ.മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് തനിക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമിടയിൽ യാതൊരുവിധ ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. എന്നാൽ, പുതിയ കളക്ടറായതിനാൽ ചില പരിചയക്കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ വാർത്താ സമ്മേളനം നടത്തുന്നതിന് മുമ്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പൂനെ വൈറോളജി ലാബിൽ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കളക്ടർ തന്നെ കാര്യങ്ങൾ അറിയിച്ചത്. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാൽ പുതിയ കളക്ടറായത് കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് തന്നെ പുനെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നുവെന്നാണ് വ്യാഴാഴ്ച ജില്ലാ കളക്ടർ പറഞ്ഞത്. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ മുരളീധരൻ പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടറുടെ വാർത്താ സമ്മേളനം. ഇതിന് പിന്നാലെയാണ് കളക്ടറെ പഴിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്.
നിപ ബാധിതനായ 43-കാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജില്ലാ കളക്ടറും മന്ത്രിയും രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലായത്. അതേസമയം ഇയാൾക്ക് കേരളത്തിൽ നടത്തിയ പരിശോധനകളിൽ തുടക്കത്തിൽ തന്നെ നിപ ബാധ സ്ഥിരീകരിച്ചിരുന്നു. പുനെയിൽ നിന്ന് ഫലം വരും മുമ്പ് ചികിത്സയും തുടങ്ങിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിപ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ ഭരണാധികാരികളെ പരിഹസിച്ചുകൊണ്ട് മുരളീധരൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ഇടത് അനുകൂലികളും പൊതുജനങ്ങളും വീണ്ടും ചർച്ചയാക്കുന്നത്.
"പണ്ടൊരു ചൊല്ലുണ്ട്, എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങളാണ് ഇപ്പോൾ വരുന്നത്. വവ്വാൽ ആണത്രേ നിപ പരത്തുന്നത്! കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് ഈ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ? അപ്പോഴൊന്നും ഉണ്ടാകാത്ത നിപ ഇപ്പോൾ ഉണ്ടാകാൻ കാരണം ഭരിക്കുന്നവൻ ശരിയല്ലാത്തതുകൊണ്ടാണ്," എന്നായിരുന്നു മുരളീധരന്റെ അന്നത്തെ വിവാദ പ്രസംഗം.
അതേസമയം, ഈ പഴയ പ്രസംഗം മുൻനിർത്തി മുരളീധരനെതിരെ പരോക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. മുൻപ് നിപയെക്കുറിച്ച് ഇന്നത്തെ ഒരു പ്രധാന നേതാവ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പലരും തനിക്ക് അയച്ചുതന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. "അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്തുപിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷ സമീപനം."
സംസ്ഥാനത്ത് വീണ്ടും നിപ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇത്തരം ആരോഗ്യ പ്രതിസന്ധികളെ രാഷ്ട്രീയവൽക്കരിച്ച മുരളീധരന്റെ പഴയ നിലപാടിനെതിരെ സൈബർ ഇടങ്ങളിൽ വിമർശനം ശക്തമാണ്.
Kerala
കാസർഗോഡ്: ഭരിക്കുന്നവര്‍ കൊള്ളാത്തതുകൊണ്ടാണ് നിപ പോലുള്ള അസുഖങ്ങള്‍ വരുന്നതെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പഴയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഭരിക്കുന്നത് ആരെന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നതെന്ന് ഷൈലജ പ്രതികരിച്ചു.
കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുമ്പ് തന്നെ നിപ റാണി എന്ന് വിളിച്ച് അപമാനിച്ചിരുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ നടത്തില്ല. കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.
നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണം. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം ഇതിനായി പൂർണ്ണ സജ്ജമാണെന്നും അവർ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യവിലോപം കാണിക്കരുത്. വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒറ്റക്കെട്ടായി പൊരുതാമെന്ന് ആഹ്വാനം ചെയ്ത് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് വീണ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ടെന്നും മന്ത്രി കുറിച്ചു.
ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത് . കുഞ്ഞുങ്ങൾ , പ്രായമുള്ളവർ , മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും . രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിപ പശ്ചാത്തലത്തിൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പഴയൊരു പ്രസംഗം പലരും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വീണ ജോർജ് പോസ്റ്റിൽ പരാമർശിച്ചു. എന്നാൽ ഇതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലെന്നും ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും അവർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ സണ്ണി ജോസഫിനെ പിന്തുണച്ച് മന്ത്രി കെ.മുരളീധരൻ. നിലവിലെ വിവാദത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്ന് മന്ത്രി പ്രതികരിച്ചു.
വ്യക്തമായ പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം ഉള്ളത്. സണ്ണിയുടെ ബന്ധുവെങ്കിലും ബെന്നി തോമസ് രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ അമ്മായിയപ്പന്റെ കാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് തങ്ങൾ പറഞ്ഞില്ലല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചെറിയ തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ. ഫിഷറീസ്, ഉന്നതവിദ്യാഭ്യാസം എന്നീ വകുപ്പുകളിലാണ് പ്രധാനമായും തർക്കമുള്ളത്. അതുകൊണ്ടാണ് വിജ്ഞാപനം ഇറങ്ങാൻ വൈകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് വൈകുന്നേരത്തേക്ക് വിജ്ഞാപനം വരും. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് ഒരു ദിവസം ആയതല്ലേയുള്ളെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ ലഭ്യമാക്കും. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്.
കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും.
മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
ഘടകകക്ഷികള്‍ ഒരു നേതാവിന് വേണ്ടിയും വാദിക്കുന്നില്ലെന്നും അത് ഊഹാപോഹം മാത്രമാണെന്നും കെ. മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഓടുന്ന ട്രെയിനില്‍ നമ്മള് ഓടിയിട്ട് കാര്യമില്ല. ട്രെയിന്‍ സ്റ്റോപ്പില്‍ എത്തിയിട്ടേ ഇറങ്ങാന്‍ പറ്റുകയുള്ളു. ഹൈക്കമാന്‍ഡ് തീരുമാനം എന്നാണ് ഉണ്ടാകുകയെന്ന് ഇവിടെയുള്ള നേതാക്കന്മാര്ക്ക് പറയാന്‍ കഴിയില്ല. അത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോഴെ പറയാന്‍ പറ്റുകയുള്ളു. ചില അവസരങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ട്രെയിന്‍ വൈകി ഓടാറുണ്ട്. പ്രത്യേകിച്ച് ഡല്‍ഹിയാത്രയില്‍ കാലാവസ്ഥ മോശമാകാറുണ്ട്.
എന്റെ അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്റെ പേരില്‍ ഫ്ലക്സ് ബോര്‍ഡ് വച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ ജനങ്ങള്‍ക്ക് അഭിവാദ്യം അറിയിച്ച് ബോര്‍ഡ് വച്ചത് നല്ലകാര്യമാണ്. ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി എന്റെ പേര് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ വച്ചാല്‍ അത് തള്ളിപ്പറയും.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുതാമസമുണ്ടാകുന്നതില്‍ ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ അതിനെ മറികടക്കാന്‍ കഴിയും. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുക. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്, മേല്‍പ്പാലം എന്നിവയ്ക്കാണ് എംഎല്‍എയെന്ന നിലയില്‍ ആദ്യപരിഗണന. പിണറായി പൂട്ടിയ രണ്ടാമത്തെ മെഡിക്കല്‍ കോളജ് വീണ്ടും തുറക്കും. തനിക്ക് ഒരു വകുപ്പിനോടും പ്രത്യേക താത്പര്യമില്ല. വട്ടിയൂര്‍ക്കാവ് എംഎല്‍എ എന്ന് പറയുന്നതിനോടാണ് താത്പര്യം.- കെ മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എന്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
Kerala
തിരുവനന്തപുരം: യുഡിഎഫിന്റെ മൃഗീയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കെ. മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണം. 2001ൽ താനടക്കമുള്ളവർ വിജയത്തിൽ മതിമറന്നതിന് പിന്നാലെ തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണം. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു. 5000 മുതൽ 7000 വരെ ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.
National
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. 5001 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.കെ. പ്രശാന്തും എൻഡിഎ സ്ഥാനാർഥിയായി ആർ ശ്രീലേഖയുമാണ് മത്സരംഗത്തുണ്ടായിരുന്നത്.
വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവില്‍ പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്.
എൽഡിഎഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിംഗ് എംഎൽഎ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.
Kerala
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
'എല്ലാ തവണയും മത്സരിക്കുന്നതിൽ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.'-മുരളീധരൻ പറഞ്ഞു.
മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു.
വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തിരുവമ്പാടി, കായംകുളം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പലയിടത്തും വരുന്നത്.
തെക്കൻ കേരളത്തിൽ ലീഗ് നോട്ടമിട്ട സീറ്റുകളിൽ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകൾ ഉയർന്നത്. തിരുവമ്പാടിയിൽ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കിൽ കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ.
Kerala
തിരുവനന്തപുരം: പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു, പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു. എന്നാൽ, മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് പറയാനില്ല. ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും.
അദ്ദേഹത്തിന്റെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ആയിരിക്കും കോൺഗ്രസ് അവതരിപ്പിക്കുകയെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരേ ഇഡി നോട്ടീസ് അയച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ല. ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും, അതുപോലെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. രാഹുല്‍ വിഷയത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും മുരളീധരന് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെടുത്താൽ പാര്‍ട്ടിയും കൂടുതല്‍ നടപടിയെടുക്കും. സസ്പെന്‍ഷനില്‍ നിന്ന് കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മുരളീധരന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. ശബ്ദരേഖയല്ല നടപടിയാണ് വേണ്ടത്. പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായാലേ പുറത്താക്കലിനെ പറ്റി ചിന്തിക്കൂ.
യാഥാർഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പോലീസാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതും മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന് പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പൂർണ യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരെ മാറ്റി നിർത്തി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ കാൽ നൂറ്റാണ്ടായി തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപതിറ്റാണ്ടു മുന്‍പ് രൂപീകരിക്കപ്പെട്ട സ്പെഷൽ റൂൾ പ്രകാരം ആകെയുള്ള പ്രിൻസിപ്പൽ തസ്തികയുടെ മൂന്നിലൊന്ന് ഭാഗം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നീക്കിവയ്ക്കപ്പെട്ട സാഹചര്യം മാറ്റം വന്നതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ഒഴിവുകളും യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ തസ്തികയാക്കണമെന്ന 2018ലെ കോടതി നിർദേശം നടപ്പിലാക്കാതെ മുന്നോട്ടുപോവുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണം.
കൂടാതെ ആകെയുള്ള പ്രിൻസിപ്പൽ നിയമനത്തിൽ മൂന്നിലൊന്നു ഭാഗം കേഡർ സ്ട്രെങ്്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ഹെഡ്മാസ്റ്റർമാർക്കായി നീക്കി വക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എച്ച്എസ്എസ്ടിഎ നേതാക്കൾ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയാകെ കുത്തഴിഞ്ഞ നിലയിലാക്കി നന്പർ വണ്‍ സംസ്ഥാനമെന്ന് മേനി നടിക്കുന്ന ഇടതു സർക്കാരിന്റെ തലതിരിഞ്ഞ നയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുത്തുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കെപിസിസി സെക്രട്ടറി ഡോ. ജി.വി. ഹരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എഫ്എച്ച്എസ്ടിഎ ചെയർമാൻ ആർ. അരുണ്‍കുമാർ, സംസ്ഥാന ട്രഷറർ എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി ശിവന്‍കുട്ടിയുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ശിവന്‍കുട്ടി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയത് നന്നായി. അത് തന്നെയാണ് ചെയ്യേണ്ടതെന്നും മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പ് ഗവര്‍ണര്‍ക്ക് കത്ത് നല്കാന് തയാറാകണം. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചടങ്ങിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.